
ചെങ്ങന്നൂർ :ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ രജത ജൂബിലി ആഘോഷ പരിപാടികൾക്ക് വർണാഭമായ തുടക്കമായി. ചെറിയനാട് മാമ്പള്ളി പടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
കൊടിക്കുന്നിൽ സുരേഷ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.നാടിന്റെ വളർച്ചയിലും പുരോഗതിയിലും ഒരു സ്കൂളിനുണ്ടാകുന്ന അനിഷേധ്യ സ്ഥാനത്തിനും പാഠ്യപാഠ്യേതര രംഗത്ത് ജൂനിയർ കോളേജ് എന്ന തലത്തിലേക്ക് ഉയരുന്ന വിധത്തിലുള്ള അതിന്റെ പ്രവർത്തനത്തിനും മികച്ച ഉദാഹരണമാണ് ചെറിയനാട് ഡിബിഎച്ച്എസ്എസ് എന്ന് എംപി പറഞ്ഞു. വിദ്യാഭ്യാസം നേടുന്നതിനൊപ്പം ഓരോ വിദ്യാർഥിയും സാമൂഹ്യ കാഴ്ചപ്പാടുള്ളവരായി വളർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ ടി.സി. സുനിൽ കുമാർ അധ്യക്ഷതവഹിച്ചു ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ മുഖ്യപ്രഭാഷണം നടത്തി. പ്രതിഭകളെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.സലിം ആദരിച്ചു.ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ എസ്. ജയന്തി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി. ഉണ്ണികൃഷ്ണൻ നായർ, റ്റി.എ. സ്വർണമ്മ, മനോജ് മോഹൻ, ജി. വിവേക്, ഒ.റ്റി. ജയമോഹൻ, എം. രജനീഷ്, ബിജു രാഘവൻ.അഡ്വ. ദിലീപ് ചെറിയനാട്, ഉണ്ണി മണ്ണാടിക്കൽ, കെ.ജി. മുരളി, ജിഷ്ണ പുരുഷോത്തമൻ, കെ.സി. ദേവദാസ്, എസ്. ഭാമ, മിനി ബി. നായർ, വി. ഹരികുമാർ. ഹെഡ്മിസ്ട്രസ് വി.എസ്. ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.പതിനൊന്നിന് രാവിലെ 10-ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷനാകും.
പതിനൊന്നു വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നാടൻപാട്ട് ശില്പശാല, മോട്ടിവേഷൻ ക്ലാസ്, കാർഷിക സെമിനാർ, സാഹിത്യ സമ്മേളനം, വയലാർ അനുസ്മരണം, വിദ്യാഭ്യാസ സെമിനാർ, ഇൻ്റർ സ്കൂൾ മത്സരങ്ങൾ എന്നിവ നടക്കും. കൂടാതെ, ഐഡിപിബി ആയുധ പ്രദർശനം, മെഡിക്കൽ എക്സിബിഷൻ, ഫോട്ടോ പ്രദർശനം, കേരളീയ ചുവർചിത്ര പ്രദർശനം, സയൻസ് ഫെസ്റ്റ് എന്നിവ ഉൾപ്പെടുന്ന എക്സ്പോ 2025-ഉം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കും











